✍ അബ്ദുൾ നസീർ.എ.ടി. വഴിക്കടവ്
കോവിഡാനന്തരം ലോകം അതീവ ഗുരുതരമായ സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികളിലൂടെയാകും കടന്ന് പോവുക എന്നതാണ് പുതിയ പഠനങ്ങൾ നൽകുന്ന സൂചന. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും തൊഴിലിടങ്ങൾ അടച്ച് പൂട്ടപ്പെടുകയും ധനാഗമന മാർഗങ്ങൾ നിശ്ചലമാവുകയും ചെയ്തതോടെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതസന്ധാരണ മാർഗങ്ങൾ ഫലത്തിൽ ഇല്ലാതായി എന്നതാണ് വാസ്തവം.
പ്രകൃതി രമണീയമായ ഭൂപ്രദേശങ്ങൾ കൊണ്ട് ധന്യമായ കേരളവും അതിൽ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല. നമുക്കാവശ്യമായ വസ്തുക്കളിൽ സിംഹഭാഗവും ആശ്രയിക്കപ്പെടുന്നത് നാം അയൽ സംസ്ഥാനങ്ങളെയാണ്. പ്രവാസ ലോകത്ത് നാം നേടിയെടുത്ത വിദേശ നാണയങ്ങളുടെ കരുത്തിൽ അവ നമുക്ക് ഒട്ടും അപ്രാപ്യമായിരുന്നില്ല.
കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ സംഭവിച്ച സാമ്പത്തിക മാന്ദ്യം പ്രവാസ ലോകത്ത് അനവധി പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രവുമല്ല കൃഷിയെ മുഖ്യമായി അവലംഭിച്ചിരുന്ന അയൽ സംസ്ഥാനങ്ങളും ലോക്ക് ഡൗണിനെ തുടർന്ന് കൃഷിയിറക്കാനാവാതെ പ്രതിസന്ധിയിലുമാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംഭവിച്ച മഹാമേരിയും തുടർന്നുണ്ടായ മഹാമാരിയും കേരളത്തിന്റെ അവശേഷിക്കുന്ന ഭക്ഷ്യ ലഭ്യതക്കും ഗുരുതരമായ പ്രയാസങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദിനേനയുള്ള പത്രസമ്മേളനത്തിൽ വരാനിരിക്കുന്ന വറുതിയുടെ കാഠിന്യത്തെ സംബന്ധിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലുകളുണ്ട്.
ഭക്ഷ്യവിഭവ സമാഹരണ രംഗത്ത് നാം സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗതമായ കൃഷിയിടങ്ങളെ സമ്പുഷ്ടമാക്കിയും നാനാവിധ ഫാമുകളെ പുനസൃഷ്ടിച്ചും സമ്പൂർണ്ണ കാർഷിക ക്ഷമതയുള്ള സംസ്ഥാനമായി നാം നമ്മുടെ നാടിനെ മാറ്റേണ്ടതുണ്ട്.
നമ്മുടെ പാഠ്യപദ്ധതിയിലെ ലക്ഷ്യങ്ങളിൽ ഒന്നായി നാം നിർവചിച്ചിട്ടുള്ളത് '' കൃഷിയെ ഒരു സംസ്കാരമായി കാണാൻ കുട്ടിയെ പ്രാപ്തമാക്കുക " എന്നതാണ്. അതിന്റെ ഭാഗമായാണ് വിവിധയിനം കൃഷിരീതികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ജൈവ പച്ചക്കറി ഉദ്യാനങ്ങളും, പൗൾട്രി ക്ലബ്ബുകളും വിദ്യാലയങ്ങളിൽ സജീവമായി നടക്കുന്നത്.
വരാനിരിക്കുന്ന വറുതിയുടെ കാലം നമ്മുടെ വരുതിയിലാക്കാൻ ഇതിനോടകം തന്നെ വിവിധ പദ്ധതികൾക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സർക്കാർ രൂപം നൽകിയിട്ടുള്ളത്. ഒരു ഭൂമിയും തരിശായിക്കിടക്കരുത് എന്നതാണ് ഇതിന്റെ മുഖ്യ കാതൽ.
കൃത്യമായ ബോധവൽക്കരണത്തിലൂടെ കാർഷിക അവബോധമുണ്ടാക്കി ഈ യജ്ഞത്തിൽ നാമും പങ്കാളികളാവുക. മനസ്സറിഞ്ഞ് മണ്ണിലിറങ്ങി പണിയെടുക്കാൻ നാം സന്നദ്ധമാണെങ്കിൽ ഏത് വറുതിയേയും നമുക്ക് വരുതിയിലാക്കാം. കോവിഡാനന്തരം നമ്മുടെ ശ്രമവും പരിശ്രമവും അതിനാകട്ടെ.
No comments:
Post a Comment