FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Sunday, 17 May 2020

ക്ലാസ്സ് മുറിയിലെ അധ്യാപകന്‍

✍ അബ്‍ദ‍ുള്‍ നസീര്‍. എ.റ്റി

         അധ്യാപനം ഏറ്റവും കുലീനവും ഉത്തരവാദിത്തവുമുള്ള ഒരു ജോലിയാണ്. തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് വെള്ളവും വളവും നല്‍കി അനുയോജ്യമായ വിത്തിറക്കാന്‍ കഴിവും ശേഷിയുമുള്ള ഒരു കര്‍ഷകന്‍ കൂടിയാണ് അധ്യാപകന്‍. അതുകൊണ്ടാണ് അധ്യാപകനെ സോഷ്യല്‍ എഞ്ചിനിയര്‍ എന്ന് വിശേഷിപ്പിക്കുന്നനത്.
        വൈവിധ്യമാര്‍ന്ന വൈഭവങ്ങള്‍ ഉള്ളവരാണ് കുട്ടികള്‍. അത് വൈയക്തികമായ പ്രത്യേകതകളും സവിശേഷതകളും കൊണ്ട് സമ്പന്നമായിരിക്കും. കുട്ടിയുടെ വ്യക്തിവ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഇടപെടാന്‍ ഒരധ്യാപകന് സാധിക്കുമ്പോഴേ അധ്യാപനം അര്‍ത്ഥപൂര്‍ണ്ണമാവൂ.
         കുട്ടികളില്‍ അന്തര്‍ലീനമായ വൈഭവങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആകെ ത്തുക. ക്ലാസ്സ്മുറികളില്‍ നിന്നും സ്വായത്തമാക്കിയ അറിവുകളെ ജീവിതത്തിന്റെ സര്‍വ്വതോന്‍മുഖമായ മേഖലകളിലും പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ നമ്മുടെ പാഠ്യപദ്ധതിയെ വിനിമയ പാഠങ്ങളാക്കി മാറ്റുമ്പോഴാണ് നമ്മുടെ ക്ലാസ്സ്മുറികള്‍ ഹൈടെക് ആവുന്നതും അതുവഴി വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നതും.
       അധ്യാപകന്‍ ഒരുപാട് വിവരങ്ങളുടെ എന്‍സൈക്ലോപീഡിയ ആകുന്നതിനപ്പുറം കുട്ടികളിലെ അഭിരുചികളെ തിരിച്ചറിഞ്ഞ് അവരെ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ആവശ്യമായ വഴികളും സാധ്യതകളും കൃത്യമായി അറിയുന്നവരാകലാണ് പ്രധാനം. അപ്പോഴാണ് അധ്യാപകൻ വഴികാട്ടിയും മാര്‍ഗദര്‍ശിയുമാകുന്നത്.
       "സ്കഫോള്‍ഡര്‍" എന്നാണ് അധ്യാപകനെ പരിചയപ്പെടുത്തുന്ന മറ്റൊരു പദം. കുട്ടിക്കെപ്പോഴും ഒരു കൈതാങ്ങായി വര്‍ത്തിക്കുക എന്നര്‍ത്ഥം. അതിന് അധ്യാപകന്‍ നല്ലൊരു മോട്ടിവേറ്റര്‍ കൂടിയാവണം. നിരന്തരം കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച് അവന്റെ വൈകാരിക - വൈയക്തിക മേഖലകളെ സസൂക്ഷ്മം നിരീക്ഷണ വിധേയമാക്കുന്ന മൈക്രോ ഒബ്സര്‍വര്‍ കൂടിയായി അധ്യാപകന്‍ മാറുമ്പോഴാണ് നൈരന്തര്യമൂല്യനിര്‍ണ്ണയം സ്വായത്തമാവുന്നത്.
       താന്‍ ജീവിക്കുന്ന പ്രകൃതി തന്നെയാണ് ഏറ്റവും വലിയ പാഠശാലയെന്ന് തന്റെ വിദ്യാര്‍ത്ഥിയെ ബോധ്യപ്പെടുത്താന്‍ അധ്യാപകനാവണം. അനവധി ചോദ്യങ്ങള്‍ കുട്ടിയില്‍ സൃഷ്ടിക്കാനാവശ്യമായ പഠനബോധന തന്ത്രങ്ങളാണ് അധ്യാപകന്‍ ആവിഷ്കരിക്കേണ്ടത്. പുതിയ പുതിയ ചോദ്യങ്ങള്‍ ഉണ്ടാവുമ്പോഴാണ് കുട്ടിയില്‍ അന്വേഷണം നടക്കുകയുള്ളൂ. അന്വേഷണാത്മകമായ പഠനപ്രവര്‍ത്തനങ്ങളാണ് പുതിയ കണ്ടെത്തലുകള്‍ക്കും ബൗദ്ധിക വിപ്ലവങ്ങള്‍ക്കും വഴിതുറക്കുക.
       ക്ലാസ്സ്മുറികളില്‍ വിനിമയം ചെയ്യപ്പെടുന്ന അറിവുകള്‍ കുട്ടികള്‍ക്ക് എപ്പോഴും ജീവിതഗ്രന്ഥിയായി അനുഭവപ്പെടണം. അതിന് അവന്റെ ജീവിതവുമായി ബന്ധപ്പെടുത്തി പാഠഭാഗങ്ങളെ വിനിമയം ചെയ്യാന്‍ ആവശ്യമായ തന്ത്രങ്ങളും ട്രിക്കുകളുമാണ് അധ്യാപകന്‍ ആര്‍ജിച്ചെടുക്കേണ്ടത്. അതിന് അധ്യാപകന്‍ നിരന്തര പരിശീലനങ്ങളില്‍ പങ്കാളികളാവേണ്ടതുണ്ട്. അപ്പോഴാണ് അധ്യാപകര്‍ സ്വയം ശാക്തീകരണ ക്ഷമതയുള്ളവരായിത്തീരുക.
           പരന്ന വായനയും നിരന്തര നിരീക്ഷണവും പുതിയമാറ്റങ്ങളെ ഉള്‍കൊള്ളുവാനുള്ള മാനസികപക്വതയും നവീനവും നൂതനവുമായ ബോധനമാര്‍ഗങ്ങളെ കുറിച്ചുള്ള സദാ അന്വേഷണവും ജനാധിപത്യപരമായ ഇടപെടലുകളുമാണ് കാലത്തിന് മുന്നില്‍  സഞ്ചരിക്കാന്‍ അധ്യാപകനെ പ്രാപ്തമാക്കുക. അപ്പോഴാണ് അധ്യാപനം സര്‍ഗാത്മകമായ കലയും ആസ്വാദനവുമായിത്തൂരുന്നത്.

No comments:

Post a Comment