✍ അബ്ദുള്‍ നസീര്‍. എ റ്റി. വഴിക്കടവ്
കോവിഡാനന്തരം കോരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണണാര്‍ത്ഥം ഡി വൈ എഫ് ഐ കേരള നടത്തുന്ന റീ സൈക്കിള്‍ കേരള ഏറെ ശ്രദ്ധേയമാണ്. ഉപയോഗ ശേഷം വലിച്ചെറിയുന്ന പഴയസാധനങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പണം സമാഹരിക്കുന്നതോടൊപ്പം പ്രകൃതിക്കനുഗുണമായി പുനര്‍നിര്‍മ്മിക്കുക എന്നത് കാലം ആവശ്യപ്പെടുന്ന ഒരു വലിയ കാര്യമാണ്
പ്രകൃതിയിലെ സൂക്ഷമവും സ്തൂലവുമായ മനുഷ്യനിര്‍മ്മിതമല്ലാത്ത മുഴുവന്‍ വസ്തുക്കളുെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചാക്രിക വലയത്തിലാണ്. കൃത്യമായ സ്റ്റാര്‍ട്ടിംഗ് പോയിന്റോ ഫിനിഷിംഗ് പോയിന്റോ നിര്‍വ്വചിക്കാന്‍ സാധ്യമല്ലാത്ത വിധം അനന്തമായ സഞ്ചാര സാധ്യതകള്‍ നല്‍കുന്ന ഒന്നാണ് വൃത്തം. പ്രകൃതിയുടെ നിലനില്‍പ്പിനും നിയാമിതമായ സന്തുലിതാവസ്ഥക്കും പ്രകൃതി സംവിധാനിച്ച ഒരല്‍ഭുത പ്രതിഭാസമാണിത്.
മനുഷ്യനിലും മറ്റുജീവികളിലും നിലനില്‍ക്കുന്ന ആഹാരചക്രം പരിശോധിച്ചാല്‍ ഈ വസ്തുത കൂടുതല്‍ ബോധ്യമാവും. പരുന്ത് പാമ്പിനേയും പാമ്പ് തവളയേയും തവള ചെറു പ്രാണികളേയും ഭക്ഷണമാക്കുമ്പോള്‍ ചെറു പ്രാണികളും ജീവികളും സസ്യങ്ങളേയും ആശ്രയിക്കുന്നു.ഈ ചാക്രികാഹാര രീതി ഏതൊരു ജീവിയിലും അനന്തമായി ഉള്‍ച്ചേര്‍ന്നിരുക്കുന്നുവെന്നതാണ് വാസ്തവം.
റീ സൈക്ക്ലിംഗ് എന്നത് ഒരു പുനര്‍നിര്‍മ്മാണ പ്രക്രിയയാണ്. ജൈവവും അജൈവവുമായ മുഴുവന്‍ പാഴ്വസ്തുക്കളും പ്രകൃതിക്കനുഗുണമായി പുനര്‍നിര്‍മ്മിക്കുന്നതിലൂടെ വഴിതുറക്കുന്ന പുനരുപയോഗ സാധ്യതകള്‍ കുറച്ചൊന്നുമല്ല പ്രകൃതിയെ സുരക്ഷിതമാക്കുന്നത്.
കോവിഡാനന്തരം ലോകം ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. നമ്മുടെ ശീലങ്ങളും,ഭക്ഷണ സംസ്ക്കാരവും,ധനാഗമന മാര്‍ഗങ്ങളും, സമ്പര്‍ക്ക സംവിധാനങ്ങളും,പഠനബോധന രീതികളും അടക്കം മുഴുവന്‍ മേഖലകളും സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോടുള്ള മനുഷ്യന്റെ പഴയ സമീപനങ്ങളിലും ഏറെക്കുറെ മാറ്റങ്ങള്‍ വന്ന്കൊണ്ടിരിക്കുന്നു.
മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളില്‍ നിന്ന് പ്രകൃതിക്ക് തല്‍ക്കാലം ആശ്വാസം ലഭിച്ചപ്പോള്‍ പ്രകൃതി തന്നെ സ്വയം റീസൈക്ലിംഗ് പ്രവര്‍ത്തികള്‍ നടത്തിത്തുടങ്ങി എന്നുവേണം കരുതാന്‍. കടലും കായലും നദിയും പുഴയുമെല്ലാം അതിന്റെ സ്വാഭാവിക തെളിമയിലേക്ക് നടന്നടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍.
പ്രകൃതിയിലെ മുഴുവന്‍ വസ്തുക്കളും മനുഷ്യന്റെ നിലനില്‍പ്പിന്നനിവാര്യമാണ്. അവക്കെല്ലാം സ്വാഭാവിക പ്രകൃതവും പ്രവര്‍ത്തന മേഖലയും പ്രകൃതിനിശ്ചയിച്ചിട്ടുണ്ട്.മനുഷ്യര്‍ അങ്ങിനെയല്ല. പ്രകൃതിയിലെ മുഴുവന്‍ വസ്തുക്കളെയും ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രകൃതമുള്ളവരാണ് മനുഷ്യരായ നാം. അത്കൊണ്ടുതന്നെ പ്രകൃതിയോടുള്ള നമ്മുടെ സമീപനവും അറിഞ്ഞും കണ്ടറിഞ്ഞും അവധാനതയോടെയോണെങ്കില്‍ പ്രകൃതിയെ നമുക്ക് എക്കാലത്തും വിശുദ്ധമായി നിലനിര്‍ത്താം. തീര്‍ച്ചയായും ഡി വൈ എഫ് ഐ നടത്തുന്ന റീ സൈക്കിള്‍ കേരള അതിന്ന് നിമിത്തമാവട്ടെ...
No comments:
Post a Comment