FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Wednesday, 6 May 2020

ലോക്ക് ‍ഡൗണ്‍ .....കാലം കര‍ുതി വെച്ച പ്രക‍ൃതിയുടെ പ‍ുനര‍ുദ്ധാരണ പാക്കേജ്




✍ അബ്‍ദ‍ുള്‍ നസീര്‍. എ റ്റി

       ലോകത്ത് ഇന്നേവരെ ഒരു മനുഷ്യനും നേരിടാത്ത അസാധാരണവും, വിചിത്രവും, ഭീതിതവുമായ സംഭവ വികാസങ്ങളിലൂയെയാണ്  ഓരോ ദിനവും കടന്ന് പോകുന്നത്. കൊവിഡ് 19 എന്ന മഹാമാരി അത്രമേല്‍ ലോക ജനതയെ നിസ്സഹയരാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അധികാരത്തിന്റെയും, സമ്പത്തിന്റെയും, സായുധ ബലത്തിന്റെയും അഹങ്കാര പര്‍വത്തില്‍ ലോകജനതയെ അടക്കി വാണിരുന്ന മുതലാളിത്ത-സാമ്രാജ്യശക്തികള്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ട് നില്‍ക്കുന്ന അസാധാരണ നിസ്സഹായവസ്ഥ ലോകചരിത്രത്തില്‍ ഒന്ന് മാത്രമേയുള്ളൂ. അത് കോവിഡി 19 എന്ന മഹാമാരി സൃഷ്ടിച്ച ഭീകരത. 

      എവിടെയും മരണം മണക്കുന്ന ഇടനാഴികളില്‍ അതീവ കരുതലോടെ ഓരോ നിമിശവും കഴിച്ചുകൂട്ടുന്ന മനുഷ്യന്‍...... ദിനംപ്രതി കുമിഞ്ഞ്കൂടുന്ന കബദ്ധങ്ങളില്‍ ഉറ്റവരെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ സ്വമാളങ്ങളില്‍ ഉള്‍വലിയാന്‍ വിധിക്കപ്പെട്ട നിസ്സഹായവസ്ഥ.....മാനവചരിത്രത്തിലെ സമാനതകളില്ലാത്ത സന്താപജനകമായ നിമിശങ്ങള്‍....... വിവരണാതീതമായ വിശമഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന മനുഷ്യരാശിക്ക് കോവി‍ഡാനന്തരം പലതും പഠിക്കാനും പകര്‍ത്താനുമുണ്ട് എന്നതാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 

          കാലം ഇനി അറിയപ്പെടുന്നത് കോവിഡിന് മുമ്പ്, ശേഷം എന്നിങ്ങനെയായിരിക്കും. ദുരമൂത്ത മനുഷ്യന്റെ തെറ്റായ ഇടപെടലുകള്‍ നിമിത്തം കരയും കടലും മണ്ണും വിണ്ണും ആകമാനം എണ്ണമറ്റ നാശങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന ആസുര കാലത്താണ് കൊറോണ കടന്നുവരുന്നത്. നാടും നഗരവും കുടിലും കൊട്ടാരവും എല്ലാം കൊട്ടിയടക്കപ്പെട്ട് ലോകം സ്വമാളത്തില്‍ ഉള്‍വലിഞ്ഞപ്പോള്‍ അസ്തിത്വ പ്രതിസന്ധിയനുഭവിക്കുന്ന പ്രകൃതി അതിന്റെ വിശുദ്ധിയിലേക്ക് പതിയെ പതിയെ നടന്നടുക്കാന്‍ തുടങ്ങി. 

         വംശനാശഭീഷണി മൂലം അന്യംനിന്ന്പോകുന്ന അപൂര്‍വ്വ ജീവികള്‍ ആളൊഴിഞ്ഞ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന പല വീഡിയോകളും റിപ്പോര്‍ട്ടുകളും ഇതിനോടകം തന്നെ സാമൂഹ്യ നവമാധ്യമങ്ങളില്‍ വൈറലാഴിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതി അതിന്റെ സ്വതസിദ്ധമായ സ്വച്ഛതയിലേക്ക് പതിയെ നടന്നടുത്തപ്പോള്‍ പൂക്കളില്‍ വിരുന്നെത്തുന്ന പൂമ്പാറ്റകളും വണ്ടുകളും കിളികളും ഏതൊരു വീട്ടുമുറ്റത്തേയും മനോഹര കാഴ്ചകളായി ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. 

           വാഹനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി വിശലിപ്തമായ നഗരവീഥികളും ഫാക്ടറികളും വ്യവസായ ശാലകളും താല്‍ക്കാലിക അവധിയിലായപ്പോള്‍ നാട്ടിലെ നദികളും പുഴകളും പരല്‍മീനുകള്‍ കൊണ്ട് സമ്പന്നമായി. ആളൊഴിഞ്ഞ ആറുകളിലേക്ക് അരയന്നങ്ങളും അനവധി ദേശാടനക്കിളികളും വിരുന്നെത്തിത്തുടങ്ങി. 

   നാട്ടിലെ നീര്‍ത്തടങ്ങളധികവും, കടലും കായലും ജൈവവൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമായി. ഏറെ കീര്‍ത്തികേട്ട ഇന്ത്യയുടെ പുണ്യപുത്രി ഗംഗയും അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ അനേക വര്‍ഷത്തെ അനിയന്ത്രിതമായ ഇടപെടല്‍ മൂലം ഓസോണ്‍ പാളിയില്‍ സംഭവിച്ച ഭീമമായ വിള്ളല്‍ ഒരല്‍ഭുതമെന്നോണം അടഞ്ഞ് പോയതായി ഈയിടെ ഒരുകൂട്ടം ശാസ്ത്ര‍ഞ്ജര്‍ കണ്ടെത്തിയത് നമ്മള്‍ വായിച്ചു. 

         നാടും നഗരവും വീടും വിശ്വവും ഒരു മഹാമാരിയുടെ മുമ്പില്‍ പകച്ച് നില്‍ക്കുമ്പോഴും മനുഷ്യന്റെ മനം തുറപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ പ്രകൃതി നമുക്ക് കാണിച്ചുതരുന്നുണ്ട്. ഒരു പക്ഷെ ഇങ്ങനെയൊരു മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ ദൂരവ്യാപകമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് ലോകം മുഴുക്കെ സാക്ഷ്യം വഹിക്കാന്‍ സാധ്യതയുള്ള പ്രകൃതി വിനാശത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ സര്‍വ്വശക്തന്‍ സംവിധാനിച്ചതായിരിക്കും കൊറോണ എന്ന ചിന്തയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

            അനാവശ്യ രോഗങ്ങള്‍ നിരത്തി ആശുപത്രി വരാന്തകളിലും മറ്റും കാത്ത് കിടന്നിരുന്ന രോഗികളും അവരുടെ രോഗങ്ങളുെം ഇന്നെവിടെപ്പോയി എന്നതാണ് പലരും ചോദിക്കുന്നത്.കുത്തക മരുന്ന് കമ്പനികളുടെ പരീക്ഷണ ശാലകളില്‍ സ്വയം ജീവിതം ഹോമിക്കപ്പെടുന്ന ലക്ഷങ്ങള്‍ ഇന്ന് പൂര്‍ണ്ണാരോഗ്യത്തോടെ വീടുകളില്‍ കഴിയുന്നുവെന്നത് നമ്മളെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ പലര്‍ക്കും രോഗം ശരീരത്തിനല്ല മനസ്സിനാണ്. ആരോഗ്യമുള്ള മനസ്സിനേ ആരോഗ്യമുള്ള ശരീരത്തെ പ്രദാനം ചെയ്യാന്‍ കഴിയൂ. 

          ആവശ്യവും അത്യാവശ്യവും അനാവശ്യവും വേര്‍തിരിച്ച് മനസ്സിലാക്കാതെ എല്ലാം വാരിക്കൂട്ടി ഉപഭോഗ സംസ്കാരത്തിന്റെ കമ്പോള വലയത്തില്‍ അകപ്പെട്ട് ധൂര്‍ത്തിനടിമകളായ മനുഷ്യര്‍ ഇന്ന് ആവശ്യവും അവശ്യവും നന്നായി തിരിച്ചറിഞ്ഞു കഴിഞ്ഞു. നമ്മുടെ തീന്‍മേശയില്‍നിന്നും പടിയടച്ച് പിണ്ഢംവെച്ച പല നാടന്‍ വിഭവങ്ങളും അടുക്കളയിലേക്ക് തന്നെ തിരികെ എത്തിച്ചു. ചക്കയുടെയും കുരുവിന്റെയും മുരിങ്ങയുടെയും ചീരയുടെയും കൊതിയൂറും വിഭവങ്ങളുമായി പാചകഷോകള്‍ രൂപാന്തരപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. 

             മലയാളിയുടെ മറന്നശീലങ്ങള്‍ക്കൊപ്പം അന്യംനിന്ന്പോയ പഴയ വിഭവങ്ങളും വിഷയങ്ങളും ഇപ്പോള്‍ സജീവ ചര്‍ച്ചകളായി നിലനില്‍ക്കുന്നു. കോവി‍ഡാനന്തരം അവശേഷിക്കുന്ന മനുഷ്യന്റെ അസ്തിത്വം നിലനില്‍ക്കണമെങ്കില്‍ അവന്‍ തന്റെ മണ്ണിലേക്കും വിണ്ണിലേക്കും മടങ്ങണമെന്ന പൊതുചിന്ത രൂപപ്പെടുത്തിയെടുക്കാന്‍ ഈ ലോക്ക്ഡൗണ്‍ നമുക്ക് സഹായകമായാല്‍ പ്രകൃതിയുടെ വീണ്ടെടുപ്പിന് ദൈവം നല്‍കിയ മഹത്തായ പുനരുദ്ധാരണ പാക്കേജാണ് കോവിഡ്19 എന്നത് നാം തിരിച്ചറിയും. തീര്‍ച്ച.....                 

No comments:

Post a Comment