പി എം എ ഗഫൂർ
പ്രിയപ്പെട്ട എഴുത്തുകാരിയാണ് കാരെൻ ആംസ്ട്രോങ്ങ്. അതീവഭംഗിയുള്ളൊരു കൗശലമുണ്ട് ആ എഴുത്തിലെല്ലാം. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. ‘കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ’ എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു;
വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് ഒരു വാക്ക് പറഞ്ഞു: ‘എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം.'
കാരെൻ എഴുതുന്നു: ‘ ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നുപോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: ‘ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !’
ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട്: ‘എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത്.' ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യരോർക്കും. നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം..അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ.
എപ്പോൾ തീർന്നുപോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ.
അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്.

No comments:
Post a Comment