FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Sunday, 3 May 2020

മരണം സമീപത്തുണ്ട്. വെളിച്ചമുണ്ടോ കയ്യിൽ? !

അഹ്‌മദ് അനസ് മൗലവി
          പൊൻപുറം പള്ളിയോരത്തുള്ള ഖബറിസ്ഥാനിൽ ആറടി മണ്ണിനു കീഴെ ഹാഷിം സാഹിബ് ഇന്ന് ചേർന്നു കിടന്നു. ഖബറിടത്തിലേക്ക് പിടി മണ്ണെറിഞ്ഞ് കൂട്ടുകുടുംബവും കൂട്ടുകാരും തസ്ബീത്ത് ചൊല്ലി തിരിച്ചു പോന്നു.
       ആറടി മണ്ണറക്കൂടിന്റെയുളളിൽമുറ്റുന്ന ഇരുളകറ്റാൻ സുകൃതങ്ങളുടെ വിളക്ക് വേണം. സ്വർഗ വാതിലുകളിലേക്ക് പരക്കുന്ന തെളിമയാർന്ന വെളിച്ചം. ആ വെളിച്ചത്തിൽ ഇഹലോകത്തിന്റെ ക്ലേശങ്ങളും ആശങ്കകളുമൊഴിഞ്ഞ് സ്വർഗ സുഗന്ധമേറ്റു കൊണ്ടൊരു പുതുമാരന്റെ നിന്ദ്ര. അല്ലാഹ്! ഹാഷിം സാഹിബിനും ഞങ്ങൾക്കും അത് സാധ്യമാക്കണേ റഹ്‌മാനേ!
         വാരിയെല്ലുകൾ മൂടിയ നെഞ്ചകത്തെ ഇരുളകറ്റുന്ന വെളിച്ചവും മനസ്സിന്റെ വസന്തവുമാണ് ഖുർആൻ. ഒറ്റപ്പെടുന്നിടങ്ങളിൽ കരുത്തും കാവലുമാണ് ഖുർആൻ. മുസ്‌ലിം അമുസ്‌ലിം ഭേദമന്യെ ഖുർആൻ വെളിച്ചമെത്തിക്കാൻ അമരത്തു നിന്ന് അദ്ധ്വാനിച്ച വ്യക്തിത്വമായിരുന്നു ഹാഷിമിക്ക. മാനവരാശിയുടെ ജീവിത വീഥിയിൽ രാവും പകലും ഇടതടവില്ലാതെ വെളിച്ചം വിതറുന്ന വിശുദ്ധ ഖുർആനിന്റെ അവതരണ കാരണത്താൽ ആദരിക്കപ്പെടുന്ന റമദാനിന്റെ പുണ്യ ദിനങ്ങളുടെ സാക്ഷ്യത്തിലാണ് ആ റൂഹ് വിട ചൊല്ലിയത്. നമ്മളും പിന്നാലെയുണ്ട്. കാലിലൊട്ടിക്കിടക്കുന്ന ചെരുപ്പിന്റെ വാറിനേക്കാൾ നമ്മോടു ചേർന്ന് ഒട്ടി നിൽക്കുന്നുണ്ട് മരണം. ഇരുൾ മുറ്റുന്ന ഖബറിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒരുങ്ങി നിൽപുണ്ട് മരണം. അവിടെ ഇരുളകറ്റാൻ നമ്മുടെ കയ്യിൽ വെളിച്ചമുണ്ടോ ?!
        യാ അല്ലാഹ് ഹാഷിം സാഹിബിന് മഗ്ഫിറത്ത് നൽകുണേ! അദ്ദേഹത്തേയും ഞങ്ങളേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കേണമേ. ആമീൻ

No comments:

Post a Comment