P M A GAFOOR
പഴയ സംഭവമാണ്. രണ്ടാം ലോക യുദ്ധകാലം. ഹിറ്റ്‌ലറിന്റെ വംശീയകലാപം വ്യാപിച്ച നാളുകൾ. കലാപത്തിന്റെ ദുരന്തങ്ങൾക്കൊപ്പം വലിയൊരു പ്രളയവും വന്നു. ഡാന്യൂബ് നദി കവിഞ്ഞൊഴുകി. വിയന്നാ നഗരത്തിലെ റോഡുകൾ പുഴയെടുത്തു. തെരുവോരങ്ങളിലെ കടകളിലെല്ലാം പുഴ കടന്നെത്തി. ആ കുത്തൊഴുക്കിലേക്ക് ഭയത്തോടെ നോക്കി നിൽക്കുന്നുണ്ട് കുറേ നാട്ടുകാർ. അതിലൊരാൾ കാലുതെറ്റി ഒഴുക്കിലേക്ക് മറിഞ്ഞുവീണു. ആർത്തലച്ച് കരഞ്ഞിട്ടും ഒരാൾപോലും രക്ഷിക്കാൻ തയ്യാറായില്ല. അപ്പോളതാ, അപ്പുറത്തെ കെട്ടിടത്തിൽ നിന്നൊരു യുവാവ് ചാടിയിറങ്ങി അയാളെ രക്ഷിക്കാനൊരുങ്ങുന്നു. ആൾക്കൂട്ടം അവനെ തടഞ്ഞു. എല്ലാരും ഉച്ചത്തിൽപ്പറയുന്നുണ്ട്; ‘അയാളെ രക്ഷിക്കേണ്ട. അയാൾ ജൂതനാണ്. മരിച്ചോട്ടെ. അത്രയെങ്കിലും ആ നശിച്ച ജനതയുടെ എണ്ണം കുറഞ്ഞോട്ടെ !’
‘അല്ല. അയാൾ ജർമൻ പൗരനാണ്’ ചെറുപ്പക്കാരൻ ഉറപ്പിച്ചുപറഞ്ഞു. പിന്മാറിയില്ല. കുത്തൊഴുക്കിലേക്ക് എടുത്തുചാടാൻ നിൽക്കുമ്പോഴും മുഴുവൻ നാട്ടുകാരും ഉറക്കെ വിളിച്ചുപറയുന്നുണ്ട്: ‘വിലയില്ലാത്ത ജൂതന്റെ ജീവനുവേണ്ടി എന്തിനാടാ നിന്റെ ജീവൻ കളയുന്നത്..’
‘അല്ല. അയാൾ ജൂതനല്ല. ജർമൻകാരനാണ്. എനിക്കുറപ്പാണ്.’ എടുത്തുചാടുമ്പോളും അവൻ ഉറക്കെ വിളിച്ചുപറഞ്ഞു.
പെരുമഴയും കുത്തൊഴുക്കും വകവെക്കാതെ അവനയാളെ തോളിലെടുത്ത് നീന്തിക്കയറിവന്നു. ആൾക്കൂട്ടം പാഞ്ഞുവന്ന് സൂക്ഷിച്ചുനോക്കി. ‘ദൈവമേ! ശരിയാണല്ലോ. ഇയാൾ ജൂതനല്ല. നമ്മുടെയാളാണ്'
സ്വന്തം ജീവനെ പണയപ്പെടുത്തിയും ജർമൻകാരനെ രക്ഷിച്ച ധീരനെ എല്ലാരും അഭിനന്ദിച്ചു. അഴിച്ചിട്ട വസ്ത്രമെടുത്ത് നടന്നുനീങ്ങുമ്പോൾ അവൻ പറഞ്ഞു: ‘അയാളൊരു ജൂതനല്ല. എനിക്കത് മനസ്സിലായത് എങ്ങനെയാണെന്നറിയോ? എന്നോട് പലവട്ടം അയാൾ മോശമായി പെരുമാറിയിട്ടുണ്ട്. കാരണം ഞാനൊരു ജൂതനാണ്.'
അലറിവിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് ഒന്നും പറയാനില്ലായിരുന്നു.
മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കഥയാണ് ‘ഫിറാഖ്’ എന്ന ചിത്രം. പോലീസിന്റെ കയ്യിൽപ്പെടാതെ രക്ഷപ്പെട്ടോടുന്ന നവാസുദ്ദിൻ സിദ്ദിഖിയുടെ കഥാപാത്രത്തെ അമ്മിക്കല്ലെറിഞ്ഞ് കൊല്ലുന്നത് വൃദ്ധനായൊരു നാട്ടുകാരനാണ്.
വെറുപ്പും ബഹളവുമൊക്കെ ഹൃദയഭാരമല്ലാതെ മറ്റെന്താണ് ബാക്കിയാക്കുന്നത്? ഹൃദയങ്ങൾ അകലുമ്പോളാണല്ലോ ഒച്ച കൂടുന്നത്. സ്നേഹിക്കുന്നവർ സൗമ്യമായല്ലേ സംസാരിക്കുക. പ്രണയിക്കുന്നവർ അതിലും മെല്ലെയാണ് മിണ്ടുന്നത്. വെറുപ്പും അകൽച്ചയും അഹന്തയും കൊണ്ട് വീർപ്പിച്ചുവെച്ച ബലൂണിലെല്ലാം മൊട്ടുസൂചി കുത്തലാണ് ഉജ്വലമായ ആത്മീയപ്രവർത്തനം.
No comments:
Post a Comment