FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Monday 21 November 2022

അത്തറിന്റെ പരിമളം പരത്തി വിശ്വമാനവികതക്ക് കരുത്ത് പകർന്ന് ഖത്തർ വേൾഡ് കപ്പ് ....


അബ്ദുൾ നസീർ . എ.ടി
വഴിക്കടവ്

        2022 നവംബർ 20-ന്റെ സായം സന്ധ്യയിൽ ഖത്തറിന്റെ അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്കായിരുന്നു ലോകത്തിന്റെ കണ്ണും കാതും. 2022 ഫിഫ വേൾഡ് കപ്പിന് ഖത്തർ ആദിത്യം അരുളാൻ തെയ്യാറായത്  തന്നെ ഒരു ചരിത്ര നിയോഗമായിരുന്നുവെന്നാണ് അതിന്റെ ഉൽഘാടന വേദി ലോകത്തെ ബോധ്യപ്പെടുത്തിയത്.
വംശ വെറിയുടേയും വർണ്ണ വിവേചനത്തിന്റേയും വെറുപ്പിന്റേയും സകല ഭാവങ്ങളേയും തച്ചുടച്ച; ഖത്തർ വേൾഡ്‌ കപ്പ്‌  ഉൽഘാടന വേദി വിശ്വ മാനവികതക്ക് പുതിയ മാനവും സംസ്കാരവുമാണ് സമ്മാനിച്ചത്...


             വിനോദം വിശ്വമാനവിതക്ക് നൽകേണ്ട സന്ദേശം ..... ഇതായിരിക്കണമെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഖത്തർ നടത്തിയ ധീരോദാത്തമായ ഇടപെടലുകൾ  കാൽപന്ത് കളിയുടെ ചരിത്രത്തിലെ ലോകക്കപ്പുകളിൽ  ഖത്തർ എന്നുമെന്നും ഓർമ്മിക്കുക തന്നെ ചെയ്യും..


            ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയായിരുന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. നട്ടെല്ലിന്റെ വളര്‍ച്ചയില്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ചയാളാണ് മുഫ്ത. എന്നാല്‍ തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാന്‍ മുഫ്ത തയ്യാറായിരുന്നില്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മുഫ്ത തലയുയര്‍ത്തി നിന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ലോകകപ്പ് വേദിയിലേക്ക് ക്ഷണിച്ചത്.


        ഇത്രയേറെ നയന മനോഹരവും സുന്ദരവുമായ നിമിഷങ്ങൾക്ക് ഇതിന് മുമ്പ് ഒരു വേൾഡ് കപ്പും   സാക്ഷിയായിട്ടുണ്ടാവില്ല.
വോളിവുഡ് താരം മോർഗൻ ഫ്രീമൻ സ്റ്റേജിലേക്ക് കടന്നു വരുന്നു. സ്റ്റേജിലുണ്ടായ ഗനീം അൽ മുഫ്തഹ് ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു.
അവർ പരസ്പരം നടന്നടുക്കുന്നു. ഗനീമിന്റെ അടുത്തെത്തിയ മോർഗൻ ഫ്രീമാൻ പതിയെ നിലത്തിരുന്നു.
ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും എഴുനേറ്റ് നിൽക്കുന്ന ഗനീം അൽ മുഫ്തഹിനും അപ്പോൾ ഒരേ ഉയരമായിരുന്നു.


മോർഗൻ ഫ്രീമാൻ ചോദിച്ചു:
                         "ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ  രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുന്നത്"
ഗനീം അൽ മുഫ്തഹ് മറുപടിയായി വിശുദ്ധ ഖുർആൻ പാരായണം ചെയ്തു:
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."


ഗനീം അൽ മുഫ്തഹ് തുടർന്നു:
             "നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും."


മോർഗൻ ഫ്രീമാൻ ചോദിച്ചു:
                   "അതേ, എനിക്കത് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഈ നിമിഷത്തിൽ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതൽ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താൻ കഴിയുക?"
ഗനീം അൽ മുഫ്തഹ് പറഞ്ഞു:
"സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മൾ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാൽ അതെവിടെ നിർമ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്."


മോർഗൻ ഫ്രീമാൻ:
                              "അതായത് നമ്മൾ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മൾ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി".
ഗനീം അൽ മുഫ്തഹ്:
"അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട്  ഈ ലോകം മുഴുവൻ ഒന്നായി ചേരാൻ ആഹ്വാനം ചെയ്യാം."


                       മോർഗൻ ഫ്രീമാൻ എഴുനേറ്റ് നിന്ന് കൈകൾ നീട്ടി... ഗനീം അൽ മുഫ്ത്തഹും മോർഗന് നേരെ കൈകൾ നീട്ടി. 
എന്തൊരു സൗന്ദര്യമാണ് ആ രംഗം. എത്ര മനോഹരമായാണ് അവർ രാഷ്ട്രീയം സംസാരിച്ചത്..


                    കറുത്ത വർഗക്കാരനായ മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഗാനിം മുഫ്തിയും മുന്നിൽ നിന്നപ്പോൾ തളർന്ന് പോയത്‌ വംശീയ വെറിയന്മാരായ പലരുടെയും മനോവീര്യമായിരുന്നു ...
ലോകത്തിനു ഖത്തർ നൽകിയ ഈ സന്ദേശം തന്നെയാണ് ഈ ലോകകപ്പിലെ ഹൈലൈറ്റ്‌ .
ഈ ലോകം ഒന്നാണ്.. ലോകത്തുള്ള എല്ലാ മനുഷ്യരുടേതുമാണ്. ജാതി മത ദേശ വർഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെ സ്നേഹിക്കുന്നവരാവണം നാം...
അത്  ഇത്ര സുന്ദരമായി ലോകത്തെ ബോധ്യപ്പെടുത്താൻ ഖത്തറിന്ന് കഴിഞ്ഞു വെന്നത് ഏറെ ശ്രദ്ധേയമാണ്.


                  ഇനി ഒരു മാസക്കാലം ലോകത്തിന്റെ കണ്ണും കാതും ഖൽബും ഖത്തറിലെ വിവിധ സ്റ്റേഡിയത്തിൽ ഉരുളുന്ന പന്തിനോടൊപ്പം ചലിക്കുമ്പോൾ .... വിനോദത്തിന്റെ വിശ്വ മാനവികത ആവോളം ഉയർത്തിപ്പിടിക്കാൻ ഖത്തർ ഒരുക്കുന്ന നയന വിസ്മയങ്ങളെ നമുക്ക് കാതോർക്കാം......
ബഹുവർണ്ണങ്ങളെ ചേർത്ത് നിർത്തി ഒരു ലോകത്തിനായ് .... ഒരുമയോടെ ....

 

No comments:

Post a Comment