FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Friday, 24 April 2020

കൊറോണക്കാലത്തെ റമസാൻ; സേവനങ്ങൾക്കും പുണ്യപ്രവൃത്തികൾക്കും



 ‍ഡോ. ഹുസൈന്‍ മടവൂര്‍ (ഇന്നത്തെ മനോരമ പത്രം)        
        വിശുദ്ധ റമസാൻ വീണ്ടും വന്നെത്തി. മുസ്‌ലിംകൾക്ക് ഇനി വ്രതശുദ്ധിയുടെ രാപകലുകൾ. ഉപവാസം ശീലിച്ചുകൊണ്ടുള്ള നിയന്ത്രിത ജീവിതം. ഇതിനെല്ലാം വേണ്ടിയാണ് റമസാനിൽ നോമ്പെടുക്കുന്നത്
        ചന്ദ്രവർഷ ഹിജ്റ കലണ്ടറിലെ ഒൻപതാമത്തെ മാസമാണ് റമസാൻ. സൂര്യവർഷ കലണ്ടറുമായി ഒരു വർഷത്തിൽ 11 ദിവസത്തെ കുറവുണ്ടാവും ചന്ദ്രവർഷത്തിൽ. അതിനാൽ 33 വർഷം കഴിയുമ്പോഴേക്കും എല്ലാ ഋതുക്കളിലൂടെയും റമസാൻ കടന്നുപോയിട്ടുണ്ടാവും. കൊടും തണുപ്പും കൊടുംചൂടും മഞ്ഞുകാലവും മഴക്കാലവുമെല്ലാം നോമ്പുകാരന് അനുഭവിക്കാനാവും. നിയന്ത്രണവും പരിശീലനവും പൂർത്തിയാകണമെങ്കിൽ അതും ആവശ്യമാണല്ലോ.
    ഉപവാസത്തിൽ ആദ്യം ചെയ്യാനുള്ളത് മനസ്സിനെ പാകപ്പെടുത്തുകയെന്നതാണ്. നല്ലതു മാത്രം പറയാനും നല്ലതു മാത്രം ചെയ്യാനും നല്ലതു മാത്രം ചിന്തിക്കാനുമുള്ള പരിശീലനമാണത്. ഖുർആനിൽ റമസാൻ വ്രതം നിയമമാക്കിയതിന്റെ ഉദ്ദേശ്യം ‘നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ’ വേണ്ടിയാണെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട് (ഖുർആൻ 2:183). നോമ്പെടുത്ത മനുഷ്യനെ ആരെങ്കിലും ഉപദ്രവിക്കുകയോ ശകാരിക്കുകയോ ചെയ്താൽ ‘ഞാൻ നോമ്പുകാരനാണ്’ എന്നു പറഞ്ഞൊഴിയണമെന്നു നബി തിരുമേനി ഉപദേശിച്ചിട്ടുണ്ട്.  
        ഭക്ഷണനിയന്ത്രണമാണ് ഉപവാസത്തിലെ പ്രകടമായ കാര്യം. ഉൺമ പ്രഭാതം (സുബ്ഹി) മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ വെടിയണം. ഒരു പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിയുന്നതോടെ വിശപ്പ് അനുഭവിക്കാൻ വിശ്വാസികൾ നിർബന്ധിതരാവുന്നു. ജീവിതത്തിൽ ഒരിക്കലും വിശപ്പ് അറിഞ്ഞിട്ടില്ലാത്തവർക്ക് വിശപ്പിന്റെ വിളി കേൾക്കാൻ അവസരം നൽകുകയാണ് റമസാൻ മാസം. നമ്മുടെ ചുറ്റുവട്ടത്തു ജീവിക്കുന്ന പട്ടിണിപ്പാവങ്ങളനുഭവിക്കുന്ന വിശപ്പിന്റെ വേദന കുറച്ചൊക്കെ പണക്കാരനും അറിയാൻ അവസരമുണ്ടാകുന്നു.  
           അങ്ങനെ നോമ്പുകാരൻ കൂടുതൽ ഉദാരശീലനാവുകയും കൂടുതൽ ദാനധർമങ്ങൾ കൊടുക്കുകയും ചെയ്യുന്നു. മാനവകുലത്തിനു മാർഗദർശനങ്ങളായാണ് ദൈവം വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽത്തന്നെ എല്ലാ മതഗ്രന്ഥങ്ങളിലും ഉപവാസവും വ്രതവും ഭക്തജനങ്ങളുടെ ആരാധനയായി പറഞ്ഞിട്ടുണ്ട്. ഈസ്റ്ററും ഏകാദശിയുമെല്ലാം വിവിധ രൂപത്തിലുള്ള വ്രതങ്ങളാണ്. അന്തിമവേദഗ്രന്ഥമായ ഖുർആനിന്റെ അവതരണമാരംഭിച്ചത് ക്രിസ്താബ്ദം 610 ൽ ഒരു റമസാനിൽ ആയിരുന്നു. അന്നു മുഹമ്മദിന് 40 വയസ്സ്. പിന്നീട് 15 വർഷം കഴിഞ്ഞാണു റമസാൻ വ്രതം നിർബന്ധമാക്കപ്പെട്ടത്.  
     മനുഷ്യസമൂഹത്തിനു മാർഗദർശനമായി ഖുർആൻ അവതരിച്ച മാസംതന്നെ വിശുദ്ധിയുടെയും നന്മയുടെയും മാസമായി പ്രഖ്യാപിച്ചതും അർഥപൂർണം തന്നെ. അതിനാൽത്തന്നെ ഈ മാസത്തിൽ ഖുർആൻ പാരായണത്തിനും ഖുർആൻ പഠനത്തിനും വലിയ പ്രാധാന്യമുണ്ട്. ഈ ഒരുമാസം കൊണ്ടു ഖുർആൻ മുഴുവനും ഓതിത്തീർക്കുന്ന പതിവ് മുസ്‌ലിംകൾ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനയാണ്.  
    ഈ വർഷത്തെ റമസാൻ വന്നെത്തിയത് കൊറോണക്കാലത്താണ്. എല്ലാ സ്ഥലങ്ങളിലും ആരാധനാലയങ്ങൾ അടയ്ക്കപ്പെട്ടിരിക്കുകയാണ്. പള്ളികളിൽ ചെന്നിരുന്നു ധ്യാനിക്കാനോ സംഘടിത നമസ്കാരങ്ങൾ നിർവഹിക്കാനോ നിവൃത്തിയില്ല. അതിൽ സങ്കടമുണ്ടെങ്കിലും സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക. ആരാധനകളെല്ലാം നമുക്കു വീട്ടി‍ൽവച്ചു നിർവഹിക്കാമെന്ന് മക്കയിലെ ഗ്രാൻഡ് മുഫ്തി ഈയിടെ പ്രസ്താവിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നത് വൈറസ് പകരാതിരിക്കാൻ അനിവാര്യമാണ്. മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും വില കൽപിക്കുന്ന ഇസ്‌ലാമിന്റെ അനുയായികൾ ഈ നിർദേശം പാലിച്ചേ മതിയാവൂ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു പള്ളിയിൽ കയറി സംഘടിത നമസ്കാരം നടത്തുന്നത് ഈ സാഹചര്യത്തിൽ ഒരു പുണ്യകർമമല്ല. അതിന്റെ ആവശ്യവുമില്ല.
     നമ്മുടേതല്ലാത്ത കാരണങ്ങളാൽ നമുക്കു ചെയ്യാൻ കഴിയാതെയായിപ്പോകുന്ന നല്ല കാര്യങ്ങൾക്ക് നമ്മുടെ ഉദ്ദേശ്യമനുസരിച്ച് അല്ലാഹു പ്രതിഫലം നൽകുമെന്നു പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞുതന്നത് ഇത്തരം സന്ദർഭങ്ങളിൽ നിയമമനുസരിക്കാൻ നമുക്കു പ്രേരണയാവണം. ജോലിക്കു പോവാൻ കഴിയാത്ത ആളുകൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെത്തിച്ചു കൊടുക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. അതു വിശുദ്ധ റമസാനിലാകുമ്പോൾ ഇരട്ടി പ്രതിഫലമുണ്ടാവും. ഇക്കാര്യത്തിൽ മതവും ജാതിയും നോക്കേണ്ടതില്ല. എല്ലാ മനുഷ്യർക്കും സഹായം നൽകണം. അങ്ങനെ പുണ്യങ്ങളുടെ പൂക്കാലമെന്ന വിശേഷണം റമസാനിന് അന്വർഥമാവാൻ നാം പരിശ്രമിക്കണം
 
       ക്ഷമയുടെ മാസമാണു റമസാൻ എന്നൊരു നബി വചനമുണ്ട്. അക്ഷമയാണല്ലോ കുടുംബത്തിലും നാട്ടിലും ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്നത്. നോമ്പ് ഒരു പരിചയാണെന്ന പ്രവാചകന്റെ ഉപമ, തിന്മകളോടേറ്റുമുട്ടാൻ വ്രതം നമുക്കൊരു കവചമാകുമെന്നു പഠിപ്പിക്കുന്നു. യാതൊരു തിരക്കും ബഹളവുമില്ലാത്ത ഈ വർഷത്തെ റമസാൻ വ്രതകാലം കൂടുതൽ ഭക്തിയും സൂക്ഷ്മതയും ദയാവായ്പും വിനയവും വളർത്താനായി ഉപയോഗപ്പെടുത്തുക.

 

No comments:

Post a Comment