മോളോടൊപ്പം പാർക്കിലെത്തിയതാണ് അച്ഛൻ. കയറിയും മറിഞ്ഞും ഊഞ്ഞാലാടിയും കിലുങ്ങിച്ചിരിച്ചും അവൾ പാർക്കിലെങ്ങും ഓടിനടന്നു. അവളുടെ ആനന്ദം കണ്ട് അച്ഛന്റെ മനസ്സ് നിറഞ്ഞു. നേരമൊരുപാടായി. ‘ഇനി മതി മോളേ. നമുക്ക് വീട്ടിൽപ്പോവാം..’ പലവട്ടം വിളിച്ചിട്ടും അവൾ കളി നിർത്തുന്നില്ല. പിന്നെയും പിന്നെയും സമയം നീട്ടിക്കൊടുത്ത് പരിഭവമില്ലാതെ അച്ഛനിരുന്നു.
‘നിങ്ങൾ വല്ലാത്ത ക്ഷമയുള്ള അച്ഛനാണുട്ടോ. പൊതുവെ നമ്മൾ ആണുങ്ങൾക്ക് ഇങ്ങനൊന്നും ക്ഷമിച്ചിരിക്കാൻ കഴിയൂലല്ലോ.’ അപ്പുറത്തിരിക്കുന്നയാൾ ആശ്ചര്യത്തോടെ പറഞ്ഞതുകേട്ട് അച്ഛനൊന്ന് പുഞ്ചിരിച്ചു.
‘‘ഞാനും അങ്ങനായിരുന്നു. ഇങ്ങനെ ക്ഷമിച്ചിരിക്കാൻ പഠിപ്പിച്ചത് എന്റെ മോനാണ്. തീരെ ക്ഷമയില്ലാതിരുന്ന എനിക്ക് പലതും പഠിപ്പിച്ചുതന്ന് അവൻ പോയി..’
‘പോയി എന്നോ ! എങ്ങോട്ട് ?’
അച്ഛന്റെ പുഞ്ചിരി മാഞ്ഞു. മുഖം പെട്ടെന്നു മങ്ങി. പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു: ‘അവൻ മരിച്ചു. ഈ റോഡിലൂടെ സൈക്കിളോടിച്ചു പോവായിരുന്നു. എതിരെ വന്ന ലോറിയിടിച്ച് മരിച്ചു. പതിനൊന്ന് വയസ്സായിരുന്നു. അവന്റെ കൂടെയിരിക്കാൻ ഒട്ടും സമയം കാണാത്തൊരു അച്ഛനായിരുന്നു ഞാൻ. ഓരോ തിരക്കും പറഞ്ഞ് ഞാനോടി നടന്നു. എന്റെ കുട്ടിയുടെ സന്തോഷങ്ങൾക്കൊന്നും പ്രാധാന്യം കൊടുത്തില്ല. അവന് നൽകാതെ പിശുക്കിവെച്ച സമയത്തെയോർത്ത് ദു:ഖിക്കുകയല്ലാതെ എന്തുചെയ്യാനാ. ഞാനിപ്പോളതെല്ലാം തിരുത്തുകയാണ്. അഞ്ച് മിനിട്ടുകൂടി കളിക്കട്ടേയെന്ന് എന്റെ മോൾ ചോദിക്കുമ്പോൾ സത്യത്തിൽ എനിക്ക് സന്തോഷാണ്. അത്രയും നേരം കളിക്കാല്ലോ എന്നാണവൾ ചിന്തിക്കുന്നത്. പക്ഷേ, അത്രയും നേരം അവളുടെ കളി കണ്ടിരിക്കാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.' സാന്നിദ്ധ്യത്തിന്റെ മൂല്യം പറഞ്ഞുതരാണ് ഈ അച്ഛൻ.
തനിച്ചാക്കാതിരിക്കുക എന്നതാണ് പ്രിയപ്പെട്ട ഏതൊരാൾക്കും നൽകാവുന്ന വല്ല്യ സമ്മാനം. കണ്ടും കേട്ടും കെട്ടിപ്പിടിച്ചും കൂടെയിരിക്കുന്ന നേരത്തേക്കാൾ വിലയുള്ളതല്ലല്ലോ മറ്റൊന്നും. ഒപ്പമായിരിക്കാൻ നമുക്കിപ്പോൾ ഒരുമിച്ചാകേണ്ട കാര്യം പോലുമില്ല. ഒരു ചാറ്റിനപ്പുറം, ഒരു ഫോൺകോളിനിപ്പുറം എത്രദൂരേനിന്നും വാക്കിന്റെ പുതപ്പിട്ടു കൊടുക്കാൻ കഴിയും. സ്നേഹത്തണുപ്പിൽ തലോടാനാകും. എന്നിട്ടും നമ്മളെത്രയാണ് അതിനൊക്കെ പിശുക്ക് കാണിച്ചത്. കൊറോണ കാരണം ഒരുമിക്കാൻ പറ്റാത്ത നിരവധി മനുഷ്യരുണ്ടിപ്പോൾ ലോകത്ത്. മക്കളേയും പ്രിയപ്പെട്ടവരേയും കാണാനോ ചേർത്തുനിർത്താനോ പറ്റാത്ത നിസ്സഹായരായ മനുഷ്യർ. പറ്റിച്ചേർന്നിരിക്കുന്നതും വിരലുകോർത്ത് കുടന്നുറങ്ങുന്നതും എത്രമേൽ വിലയേറിയ നിമിഷങ്ങളാണെന്ന് അവരും നമ്മളുമിപ്പോൾ തിരിച്ചറിയുന്നുണ്ട്.
ചെറിയൊരു ആയുഷ്കാലമാണിത്. കൈവന്ന ബന്ധങ്ങളാണ് മറ്റെന്തിനേക്കാളും മൂല്യമുള്ളത്. ഒറ്റപ്പെടാൻ ഒരാളേയും നമ്മൾ അനുവദിക്കരുത്. കേട്ടിരിക്കാനൊരാളെ കുറച്ചൊന്നുമല്ല നമുക്കാവശ്യം. മനുഷ്യരേക്കാൾ ആഴമേറിയ മറ്റൊരു കഥാപുസ്തകവുമില്ലെന്ന് കേട്ടിരിക്കുമ്പോളറിയാം. ‘കരയല്ലേ. ഞാൻ കൂടെയുണ്ടല്ലാ’ എന്നൊരു വാക്ക് ഏത് ദു:ഖത്തിന്റേയും ചൂടാറ്റിത്തരും.
എത്രയോ ആത്മബന്ധങ്ങൾ തമ്മിൽ കണ്ടിട്ടും തൊട്ടിട്ടും മാസങ്ങൾ നീണ്ടു. കൊറോണ തീർന്നിട്ട് നമുക്കൊന്ന് കെട്ടിപ്പിടിക്കണം. തീർച്ചയായും അതിന് മധുരം കൂടും.
No comments:
Post a Comment