FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Monday, 7 September 2015

അറബിക് സര്‍വകലാശാല, തടസ്സവാദികളോട് സ്നേഹപൂര്‍വ്വം

വി. എസ് .എം കബീര്‍

                 വിവാദങ്ങളുടെ വിളനിലമായ മലയാള മണ്ണില്‍ പുതിയൊരു വിത്തുകൂടി വന്നുവീണിരിക്കുകയാണ്. വിഷയം എന്തു തന്നെയായാലും അതേറ്റ് പിടിക്കാനും ആര്‍ത്തുവിളിക്കാനും ആഘോഷമാക്കിക്കൊണ്ടാടാനും വല്ലാത്തൊരു വൈദഗ്ധ്യമുണ്ട് ഇവിടത്തുകാര്‍ക്ക്. അതൊരു പ്രത്യേക വിഭാഗത്തിനെതിരെയാണെങ്കില്‍ അതുകൊണ്ട് അവര്‍ക്ക് വിപരീത ഫലമുളവാക്കി സ്വയം ഗുണഫലം കൊയ്‌തെടുക്കാനുള്ള മെയ്‌വഴക്കവും ചിലര്‍ക്കുണ്ട്. അഞ്ചാം മന്ത്രി, യത്തീംഖാന വിവാദങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തുവെക്കുക.
അറബി സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമാണ് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഏതൊരു കാര്യത്തിലും വിഷയത്തിന്റെ ആവശ്യകത, പ്രസക്തി, പ്രാധാന്യം തുടങ്ങിയവയാണ് സാമാന്യ ബുദ്ധിയുള്ളവര്‍ പരിഗണിക്കുക. വിഷയത്തിലെ അക്ഷരങ്ങളും ഉന്നയിച്ചവരുടെ വീക്ഷണങ്ങളും നോക്കി തടസ്സവാദങ്ങള്‍ മുന്നോട്ടുവെക്കുന്നത് കുരുട്ടു ബുദ്ധികളാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നികുതിപ്പണം കൊണ്ട് ആഢംബരം തീര്‍ത്ത ഔദ്യോഗിക വസതികളില്‍ അര്‍മാദിക്കുന്ന രാഷ്ട്രീയ ജീവികളും പേരിന്റെ വാലായി ആംഗലേയ അക്ഷരത്രയം വെച്ചുകെട്ടി സ്വേച്ഛകള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും പല വിഷയങ്ങളിലും കുരുട്ടുബുദ്ധികളുടെ വേഷമിടുകയാണ്. വിശദമായ ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ച, ‘കേരള സര്‍ക്കാര്‍’ മുദ്രയുള്ള ഫയലുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സുതരാം വ്യക്തമാവും നമുക്ക്.

അറബി സര്‍വകലാശാല  നിര്‍ദേശത്തിന്റെ പശ്ചാത്തലം

           കേരളവും അറബി നാടുകളും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. മുഹമ്മദ് നബി(സ)യുടെ കാലത്തു തന്നെ അറബികള്‍ കേരളതീരങ്ങളില്‍ വന്നിറങ്ങിയിട്ടുണ്ടെന്ന് ചരിത്രം സൂചന നല്കുന്നു. ഈ ബന്ധം ആ നാടുകളോടും അവയുടെ ഭാഷയോടും സംസ്‌കാര-ആചാരാദികളോടുമുള്ള മമതയും അടുപ്പവും കേരളീയരില്‍ വളര്‍ത്തി. തിരിച്ചുമുണ്ടായിട്ടുണ്ട്.
കേരളത്തിലെ അറബി ഭാഷാ പഠന ചരിത്രവും ഇതിന് അടിവരയിടുന്നു. നവോത്ഥാന നായകന്‍ വക്കം മൗലവി തിരുവിതാംകൂറിലെ സ്‌കൂളുകളില്‍ അറബി ഭാഷാ പഠനത്തിന് സൗകര്യമൊരുക്കാന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടതും ആവശ്യം ഭരണാധികാരികള്‍ അംഗീകരിച്ചതും ഈ ഭാഷയോടും സംസ്‌കാരത്തോടുമുള്ള കടപ്പാടുകൊണ്ടു തന്നെയാണ്. അറബി പഠിപ്പിക്കാന്‍ ശമ്പളം നല്കി മുന്‍ഷിമാരെയും നിയമിച്ചു. സിലബസും പാഠപുസ്തകങ്ങളുമുണ്ടായിരുന്നു.

           1956 ല്‍ ഐക്യ കേരളം വന്നപ്പോള്‍ മലബാറിലും ശാസ്ത്രീയ അറബി ഭാഷാ പഠനം വിദ്യാലയങ്ങളില്‍ തുടങ്ങി. മുഖ്യമന്ത്രി ഇ എം എസും വിദ്യാഭ്യാസ വകുപ്പുമന്ത്രി ജോസഫ് മുണ്ടശ്ശേരിയും അന്നത്തെ മുസ്‌ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയയുമാണ് ഇതിന് താല്പര്യവും മുന്‍കൈയുമെടുത്തത്. കരുവള്ളി മുഹമ്മദ് മൗലവിയായിരുന്നു ഇങ്ങനെയൊരാവശ്യവുമായി ഓടി നടന്നിരുന്നത്.

                   ദശാബ്ദങ്ങളായി തുടര്‍ന്നുവന്ന അറബി പഠനം ഒട്ടേറെ സാധ്യതകള്‍ക്ക് വഴി തുറന്നു. പ്രാഥമിക പഠനത്തിനപ്പുറം ബിരുദ-ബിരുദാനന്തര-ഗവേഷണ കോഴ്‌സുകള്‍ വേണമെന്ന ആവശ്യവും ശത്മമായി ഉയരാന്‍ തുടങ്ങി. നിരക്ഷര-സാക്ഷര-വിദ്യാസമ്പന്ന വ്യത്യാസമന്യെ കേരളീയ യൗവനങ്ങളുടെ സ്വപ്നദേശമായി അറബ് രാജ്യങ്ങള്‍ മാറിയതോടെ അറബി പഠന-ഗവേഷണ രംഗത്ത് പുത്തനുണര്‍വ് സംജാതമായി.

                  ഈ സാഹചര്യത്തിലാണ് ആരുമറിയാതെ നടന്നു വന്നിരുന്ന അറബിക് കോളെജുകള്‍ പുതിയ തലമുറയുടെ ആകര്‍ഷണ കേന്ദ്രങ്ങളായത്. പത്തിലധികം സര്‍ക്കാര്‍ അംഗീകൃത അറബിക് കോളെജുകളില്‍ നിന്നും സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന നിരവധി കോളെജുകളില്‍ നിന്നുമുള്ള ആയിരിക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ രാജ്യത്തിനകത്തും പുറത്തും ഉന്നത ജോലികള്‍ നേടി. കാലഗതി മാറിയതോടെ പുതിയ സ്ഥാപനങ്ങളും പുതുപുത്തന്‍ കോഴ്‌സുകളും അറബി പഠനത്തെ കമനീയമാക്കി എന്നു തന്നെ പറയാം.

                 സംസ്ഥാനത്തെ ആയിരക്കണക്കിന് സ്‌കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അറബി പഠിക്കുന്നു. പ്രമുഖ സര്‍വകലാശാലകളിലെല്ലാം അറബിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, അറബിക് – ആര്‍ട്‌സ് കോളെജുകള്‍ ഉള്‍പ്പെടെയുള്ള നൂറു കണക്കിന് സ്ഥാപനങ്ങള്‍, ഇരുപതിലധികം കോഴ്‌സുകള്‍, ആയിരക്കണക്കിന് അധ്യാപകര്‍. യു ജി സി അംഗീകാരം. ഇതിനെല്ലാം പുറമെ, വിവിധ സംഘടനകള്‍ക്കു കീഴില്‍ സ്വകാര്യ വന്‍കിട അറബി പഠന-ഗവേണ സ്ഥാപനങ്ങള്‍. ഇത്തരമൊരു വേളയിലാണ് കേരള വിദ്യാഭ്യാസ വകുപ്പ് അറബി സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കുന്നതിനെക്കുറിച് ആലോചന തുടങ്ങിയത്.

No comments:

Post a Comment